Design a site like this with WordPress.com
Get started

അംബരചുംബികൾ …!

Miss New Jersey Ferry ലിബർട്ടി ദ്വീപിൽ നിന്നും യാത്രകാരേയും കൂട്ടി Ellis ദ്വീപിലേക്ക് സഞ്ചാരമാരംഭിച്ചു. ഞങ്ങൾ നടന്നു മറ്റു യാത്രക്കാരുടെ കൂടെ.

പടുകൂറ്റൻ പ്രതിമ. അതിനു ചുറ്റുമായി ലോണുകളും ചുകന്ന സിമൻ്റ് കട്ടകൾ നിരത്തിയ സഞ്ചാര പാതകളും. സന്ദർശകരെ നിയന്ത്രിക്കാനായി കൈവരികൾ നിർമ്മിച്ചിട്ടുണ്ട്.

കുറച്ചു കൂടെ മുന്നോട്ട് നടന്നാൽ ദിശാസൂചികൾ കാണാം. പക്ഷേ പ്രതിമയുടെപുറക് വശമേ ഇപ്പൊ കാണാൻ കഴിയു. മരച്ചില്ലകളിലൂടെ വിളക്കുമേന്തി ദ്വീപിൽ നിന്നും പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന കലാകാരൻ്റെ സൃഷ്ടി.

നമ്മുടെ ന്യൂയോർക്ക് നഗരം ഇവിടെ നിന്നാൽ മൊത്തമായി കാണാം. കുറെ പാലങ്ങളും കെട്ടിടങ്ങളും അങ്ങിങ്ങായി പറക്കുന്ന എയർക്രാഫ്റ്റുകളും. നീലാകാശവും നീലകടലും ചെറിയ മഴ മേഘങ്ങളും മായാജാലം.

ടൂറിസം ഡിപാർട്ട്മെൻറ് വിവിധ പദ്ധതികൾ സഞ്ചാരികൾക്കായി ഒരുക്കിയിരുന്നു. പ്രതിമയുടെ കീരിടത്തിനരികെ വരെ കയറിച്ചെല്ലാം നമുക്ക്. അതിനായി മുൻകൂട്ടി ടിക്കറ്റ് എടുക്കണം, ചിലപ്പോൾ മാസങ്ങൾ വരെ കാത്തിരിക്കണം. പെട്ടെന്നുള്ള സഞ്ചാരത്തിനു പറ്റില്ലെന്ന് സാരം. പിന്നെ പ്രതിമയുടെ അടിത്തറയിലൂടെയും നടക്കാം. ഞങ്ങൾ താഴെ ലോണിനരികിലൂടെ കാറ്റും കൊണ്ട് നടന്നു.

നടന്നു നീങ്ങുന്നതിനനുസരിച്ചു ഹിന്ദി, തെലുഗു ,തമിഴ്, മലയാളം, സ്പാനിഷ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകൾ മാറി മാറി കേൾക്കുന്നുണ്ട്. മറ്റു ഭാഷകളും ഉണ്ട് കേട്ടോ! ബാക്കിയുള്ളവ മനസ്സിലാവുന്നില്ലെന്ന് മാത്രം. തങ്ങൾക്ക് ആരേയും പേടിയില്ല എന്ന ഭാവത്തിൽ താറാവിൻ കൂട്ടം ലോണിൽ കളിക്കുന്നു. സന്ദർശകരെല്ലാം ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ്. കഴുത്തിൽ ക്യാമറ തൂക്കിയതാവാം കാരണം ഒരു സന്ദർശക അവരുടെ ഫോട്ടോ എടുക്കാൻ ഫോൺ തന്നു. “കാർന്നോമാരെ കാത്തുകൊള്ളണെ! “. മൂന്നാല് ഫോട്ടോസ് എടുത്തു കൊടുത്തു. ഭാഗ്യം വാലുമുറിഞ്ഞില്ല. നന്ദി പറഞ്ഞു അവർ അടുത്ത സ്പോട്ടിലേക്ക് നടന്നു.

ദേ വരുന്നു അടുത്ത രണ്ടു പേർ പതിയെ ഫോൺ സജുവിന് കൈമാറി. അവരു ഞങ്ങളുടെ ചിത്രവും പകർത്തി തന്നു. നടന്നു പ്രതിമയുടെ മുന്നിൽ എത്തി. മുകളിൽ നിന്നും ആരോക്കെയോ കൈ വീശുന്നു. അങ്ങടും ഇങ്ങടും കുറെ നടന്നു. ഒരു ചെറിയ ഷോപ് ഉണ്ട് പ്രതിമയ്ക്ക് സമീപത്ത് . ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങാൻ. നോക്കുമ്പോൾ ഒരു Ferry വരുന്നത് കണ്ടു. വാങ്ങിക്കാൻ ഒന്നും നിന്നില്ല. ഫെറിയിൽ കയറി മുകളിൽ ഇടം പിടിച്ചു.അതു പോകുന്നത് Ellis Island ലേക്കാണ്. അവിടെ അവിടുന്നുള്ള ആളുകളേയും കയറ്റി Ferry വീണ്ടും കരയിലേക്ക്.

കര വീണ്ടും വലുതായി വരുന്നു. ഈ പ്രാവശ്യം ഫെറിയുടെ അകത്തളങ്ങളിലൂടെ നടന്നു. താഴത്തെ നിലയിൽ ഒരു കാപ്പി കട ഉണ്ട്. യാത്രകാരേല്ലാവരും അങ്ങിങ്ങായി നിൽക്കുന്നു. കുട്ടികൾ തലയിൽ പച്ച നിറത്തിലുള്ള കിരീടം വെച്ചീട്ടുണ്ട്.പ്രതിമയെ പോലെ.

കരയിലെത്തി ഞങ്ങൾ. പുറത്തേയ്ക്ക് നടന്നു. വഴിയിൽ മദ്ധ്യവയസ്കനും ഒരു ചെറുപ്പക്കാരനും മറ്റുള്ളവരുടെ പടം വരച്ചു കൊടുക്കുന്നു. വീണ്ടും നടന്നു. മുന്നിൽ Street dancers! ചെകിടടപ്പൻ പാട്ടിനു നൃത്തം ചെയ്യുന്നു. “Step up” മൂവിയാണ് എനിക്കൊർമ്മ വരുന്നത്. അല്പനേരം ആസ്വദിച്ചു. ആ തിരക്കിലൂടെ സജുവിൻ്റെ കൈയ്യും പിടിച്ചു നടന്നു. രാവിലെ കണ്ട സെക്യൂരിറ്റി ഗാർഡ് അവിടെ തന്നെ ഉണ്ട്. ബാറ്ററി പാർക്കിൽ നിന്ന് പുറത്തിറങ്ങി. നമ്മുടെ സ്വന്തം ഗൂഗിൾ ചേച്ചി ശബ്ദിച്ചുതുടങ്ങി. അടുത്ത ലക്ഷ്യം നമ്മുടെ ബ്രൂക്ലിൻബ്രിഡ്ജ്. വെള്ള കുപ്പികൾ കാലിയാക്കി തുടങ്ങി.

തലയൽപ്പം മുകളിലോട്ട് ഉയർത്തി പിടിച്ചാണ് നടത്തം.കെട്ടിടങ്ങൾ ഒന്നിനൊന്ന് ഗംഭീരം .കറുപ്പു നിറത്തിൽ, കരിങ്കല്ലിൽ ,ഇഷ്ട്ടിക കൊണ്ട് നിർമ്മിച്ചവ. ചെറു മരങ്ങൾ, പള്ളികൾ, ഇരിപ്പിടങ്ങൾ, നടപ്പാതയിൽ അങ്ങിങ്ങായി ഓരോ കോണി പടികൾ ,മഞ്ഞുകാല കുഞ്ഞുബൾബുകൾ, ഫുഡ് ട്രക്കുകൾ. ആകെ മൊത്തം തിരക്കാർന്ന നിരത്തുകൾ. കർശനമായി ട്രാഫിക് നിയമങ്ങൾ പാലിക്കപെടുന്ന രാജ്യമാണെങ്കിലും ന്യൂയോർക്ക് പതിവിൽ നിന്നും വ്യത്യസ്തമാണ്. കുറച്ചു സമയം നാട്ടിലെ ട്രാഫിക്ക് ഓർത്തു പോയി .തിരക്കും മുന്നിൽ സിഗനൽ  റെഡ് ആണെന്ന് കണ്ടാലും ഹോങ്ക് ചെയ്യുന്ന നല്ല കുറെ മനുഷ്യർ, അതിനിടയിൽ കൂടി തിക്കി നിരക്കി കയറുന്ന ഇരുചക്രവാഹങ്ങൾ, ഓട്ടോറിക്ഷകൾ, ഒരു വരിയെ മൂന്ന് വരിയായി മാറ്റുന്ന ബസ് ഡ്രൈവർമാർ, നിയമങ്ങൾ തെറ്റിച്ച് പബ്ലിക്കിനെ ബുദ്ധിമുട്ടിച്ചു ബ്ലോക്കു ഉണ്ടാക്കുന്ന വിരുതൻമാർ, അതു ചോദിക്കാൻ വരുന്ന നിയമപാലകരെ മാന്യമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നവർ, യാത്രക്കാരുടെ പോക്കറ്റിൽ കൈയ്യിട്ടുവാരുന്ന നിയമപാലകർ… വൈവിധ്യമാർന്ന നാട്ടിലെ ആ കാഴ്ചയാണ് കണ്ണിൽ മിന്നി മാഞ്ഞത

റെഡ് ക്യൂബ്, 1968 -ൽ നൊഗൊച്ചി,ലോവർ മാൻഹട്ടൻ 140 ബ്രോഡ് വേയിൽ നിർമ്മിച്ചതാണ് ഈ ശിൽപം.റെഡ് ക്യൂബ് എന്നാണ് പേരെങ്കിലും അതിൻ്റെ ആകൃതി ശരിക്കും ക്യൂബ് അല്ല. കുറച്ച് നീട്ടം ഉള്ള പോലെ തോന്നും. പുറകിലെ കറുത്ത കെട്ടിടത്തിന് ചുകപ്പിൻ്റെ നിറചാർത്ത് . ഒരു ക്ലാസിക്കൽ കോമ്പിനേഷൻ!

“അഞ്ജലി, ദാ നോക്ക്! ” ഇടത്തോട് നോക്കി സജു പറഞ്ഞു. നമ്മുടെ പുതിയ വേൾഡ് ട്രേഡ് സെറ്റർ.കുട്ടിക്കാലത്ത് കണ്ട ന്യൂസിലെ ഇരട്ട കെട്ടിട്ടത്തിൻ്റെ ചിത്രം മനസ്സിലൂടെ കടന്നു പോയി. പിന്നേയും നടന്നു. റോഡ് പണി നടക്കുന്നതിനാൽ നിറയെ നിയന്ത്രണങ്ങൾ ഉണ്ട്. അവസാനം എത്തി ആ ചത്വരത്തിൽ . തൊട്ടടുത്ത് ബ്രൂക്ലിൻ ബ്രിഡ്ജ്. ബ്രിഡ്ജിൽ കയറാൻ റോഡ് മുറിച്ചുകടക്കണം. അവിടേയും Street dancers കൈയ്യടക്കിയിരിക്കുന്നു .ആൾകൂട്ടത്തിൽ നിന്നും അവർ ആളുകളെ ക്ഷണിക്കുന്നുണ്ട്. ചിലർ കൂടെ ആടുന്നു. അവർക്കിടയിലൂടെ ചക്ര ഷൂസും ധരിച്ച് രണ്ടു പെൺകുട്ടികൾ പാട്ടിൻ്റെ താളത്തിൽ ചുവടുകൾ വെയ്ക്കുന്നു. ഞാൻ ശ്വാസം അടക്കി പിടിച്ചാണ് അതു ആസ്വദിച്ചത്.അവർക്കു സമീപത്തിൽ രണ്ട് ഫുഡ് ട്രക്ക് കളും ഉണ്ട്.ഇവിടേയും നമ്മുടെ പാട്ട പിരിവ് ഉണ്ട്. ചെറുപുഞ്ചിരിയോടെ “സംഭാവനകൂമ്പാര കൂമ്പാരമാവുമ്പോൾ പരിപാടി ഗംഭീരമാകും” എന്ന dialogue ഓർമ്മയിലേക്ക് കയറി വന്നു.

യാത്ര തുടരും…. !

Written by Chithranjali TC

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: