ഉറക്കം സിരകളെ വല്ലാതെ തളർത്തി കൊണ്ടിരിക്കുന്നു. കണ്ണിൽ എണ്ണയൊഴിച്ച് എത്ര നേരം ഇരിക്കും ? പിന്നെ ഒന്നും ആലോചിച്ചില്ല കാറിലെ ബോറൻ പാട്ടുംകേട്ട്, സഹയാത്രികൻ്റെ ഡ്രൈവിംങിനേം മനസ്സിൽ ധ്യാനിച്ചു കുറച്ചു നേരം മയങ്ങാൻ തീരുമാനിച്ചു. യാത്ര തുടങ്ങീട്ടു ഒരു മണിക്കൂർ ആയി കാണൊള്ളു. സത്യം പറഞ്ഞാൽ തീരെ പ്രതീക്ഷിക്കാത്ത ഒരു ട്രിപ്പ്. ഈ പ്രാവശ്യം ഒരാഴ്ച മുന്നെയെ ഒരുക്കം തുടങ്ങിയൊള്ളു!. സാധാരണ ഒരു മാസം ആണു കണക്ക്. പക്ഷേ ഉറങ്ങി പോയത് നഷ്ട്ടം തോന്നുന്നു ഇപ്പോൾ. ഈ വാരാന്ത്യവും പതിവുപോലെ ആയിരുന്നേൽ … എൻ്റെ അമ്മോ യാന്ത്രിക ജീവിതത്തിലെ തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ … ഹൊ ഈ ആഴ്ച പതിവ് കലാ പരിപാടികൾ ഒന്നുമില്ല… വലിയൊരാശ്വാസം .. അതെ യാത്ര ലോകസാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ എന്നു വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് നഗരം.
ജനുവരി മാസത്തിലെ ഒരു തണുത്ത സായാഹ്നത്തിൽ, 5 മണിയായി കാണും യാത്ര തുടങ്ങിയതാണ്. മുറ്റത്ത് ഒരാഴ്ച മുൻമ്പ് പെയ്ത മഞ്ഞും പിന്നെതണുത്ത കാറ്റും. എന്നത്തേയും പോലെ നേരം വൈകിയാണ് പുറപ്പെട്ടത്. പക്ഷേ ഈ പ്രാവശ്യം മനപൂർവ്വമാണ് വൈകിച്ചത്. ന്യൂയോർക്ക് നഗരത്തിൻ്റെ ട്രാഫിക്കിൽ നിന്നും രക്ഷപ്പെടാൻ ഈ നേരമാണ് നല്ലതെന്നു തോന്നി. രണ്ടു ദിവസത്തെ ട്രിപ്പിന് താമസ സൗകര്യം Radisson Hotel ആണ് ഒരുക്കിയിരുന്നത്. കാർ പാർക്കിങ്ങിന് മറ്റൊരു സ്ഥലവും.
കണ്ണുതുറന്നുമ്പോക്കുമ്പോൾ ഏതാണ്ട് ന്യൂയോർക്ക് എത്താനായിരിക്കുന്നു.സാരമില്ല കുറച്ചു കൂടെ സമയമുണ്ട് … കണ്ണു മിഴിച്ചിരിക്കാൻ തന്നെ തീരുമാനിച്ചു.രണ്ടു ദിവസത്തിനു ശേഷം വീണ്ടും “ചട്ടീം കൂട്ടിക്കലം” ലോകത്തേയ്ക്ക് തിരിച്ചു വരുമ്പം യാന്ത്രിക ജീവിതത്തെ കുറിച്ച് ആലോചിക്കാം മനസ്സിലുറപ്പിച്ചു. മുന്നെ ഒരു പ്രാവശ്യം വന്നതാണ്.. JFK ലേക്ക് നാട്ടിലേക്ക് വരുവാൻ.
അങ്ങു ദൂരെ ആ മായ കാഴ്ച അവിസ്മരണീയം!. ഒരൊറ്റ നോട്ടത്തിൽ നോക്കുമ്പോൾ ന്യൂയോർക്കിൻ്റെ സൗന്ദര്യം രാവിൻ്റെ മാറിൽ മിന്നാമിനുങ്ങ് പാറി നടക്കുന്ന പോലെ ആകാശത്ത് എയർക്രാഫ്റ്റും ചെടികളിൽ തളർന്നുറങ്ങുന്ന മിന്നാമിനുങ്ങിൻ കൂട്ടങ്ങളും. നമ്മുടെ പൊറ്റക്കാടിൻ്റെ വാക്കുകളിൽ പറഞ്ഞാൽ അംബരചുംബികളുടെ നാട്ടിൽ..!
സജു: ” അഞ്ജലി, ഇതാ നമ്മൾ ന്യൂയോർക്കിലേക്ക് പ്രവേശിക്കുന്നു. കാമറയെടുക്കു… ദാ ആ കാണുന്ന ബ്രിഡ്ജില്ലെ അതാണ് Brooklyn Bridge” ഞാൻ : “എവിടെ? എനിക്ക് ഇവ്ടന്ന് കുറെയെണ്ണം കാണുന്നുണ്ട് ” സംഭാഷണം മുറയ്ക്കുതുടങ്ങി. ഒരോ ബ്രിഡ്ജിനേക്കുറിച്ചു പറയുന്നത് കേട്ട പ്പം. ഞാൻ : മുന്നെ വന്നിട്ടുണ്ടോ?” സജു: ” ഇവടന്നു ഒരു മണിക്കൂർ മാത്രമേ ഉള്ളു ആദ്യം ജോലി ചെയ്തിടത്തേയ്ക്ക്. സമയമുള്ളപ്പോളൊക്കെ വരും. ”
ശ്ശെ തീർന്നു കൂടെ ഉള്ള ആൾ കണ്ടു കണ്ടു മടുത്ത സ്ഥലമാണെന്ന് പറഞ്ഞപ്പൊ മൂടൊക്കെ പോയി. സമാധാനം ഗൈഡിൻ്റെ ആവശ്യം വരില്ലെന്നോർത്ത് ഞാൻ നഗരസൗന്ദര്യത്തിലേക്ക് വീണ്ടും.
ഭക്ഷ്യ സുരക്ഷയെന്നും നമ്മുടെ ചിന്താവിഷയമാണല്ലൊ!. ഈ പ്രാവശ്യം തക്കാളിച്ചോറും രസവും പിന്നെ നമ്മുടെ സ്വന്തം ഉരുളകിഴങ്ങ് ചിപ്സ്.വെള്ളം പഴവർഗങ്ങൾ എല്ലാം ഭദ്രമായി പൊതിഞ്ഞുവച്ചീട്ടുണ്ട് . 4 മണിക്കൂറിൽ അധികമായിരിക്കുന്നു .കാർ പാർക്ക് ചെയ്ത് ലെഗേജും എടുത്ത് ഹോട്ടലിലേക്ക് നടന്നു. രാത്രി ആയതിനാൽ നട പാതയിൽ ആളുകൾ കുറവാണ്. അധികം നടക്കേണ്ട ഒരു 10 മിനിറ്റ് ..എത്തി Radisson Hotel ചെക്ക് ഇൻ ചെയ്തു.
അത്യാവശ്യം നല്ല സൗകര്യമുള്ള മുറി. സാധനങ്ങൾ എല്ലാം വെച്ച് ,ഒരു മണിക്കൂർ വിശ്രമിച്ചു.ഫുഡും കഴിച്ചു. രാത്രി ആയതിനാൽ തിരക്കുകുറവുള്ളതല്ലെ …നടക്കാനിറങ്ങി. വൻ പ്ലാനിംങ് ആയിരുന്നു. Google Map ഇട്ടു.. നടത്തം തുടങ്ങി.
ഓരോ നഗരത്തിനുമുണ്ടാവും കഥകൾ പല വർണ്ണങ്ങൾ ചാലിച്ചതും അല്ലാത്തവയും, ഈ മഹാനഗരത്തിനുമുണ്ട് കുടിയേറ്റത്തിൻ്റേയും പടയൊരുക്കത്തിറ്റേയും ഉയർച്ചതാഴ്ച്ചകളുടേയും അതിജീവനത്തിൻ്റേയും കഥകൾ. ചരിത്രം പല രൂപങ്ങളിലായി ന്യൂയോർക്കിൻ്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.
New York Stockexchange – നേം ലക്ഷ്യമാക്കി നടന്നു. ഇടത് വലത് നേരെ അങ്ങനെ അങ്ങനെ നടന്നു.പോകുന്ന വഴി Trump Building,ഒരു പള്ളിയും കണ്ടു. ഇരിട്ടു വീണ വഴികളിലൂടെ നടന്നു. George Washington ൻ്റെ സ്മാരകശിൽപ്പം ഹാളിനു മുന്നിലായി കണ്ടു. ചരിത്രം സ്വർണ്ണലിപികളിൽ എഴുതി ചേർത്ത അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഇവിടെ വെച്ചാണ് നടന്നത്. കുറച്ചു നേരം മുൻ പ്രസിഡൻ്റിൻ്റെ കൂടെ ചിലവഴിച്ചു.
തൊട്ടടുത്ത കെട്ടിടമാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്ചേഞ്ച്. അമേരിക്കൻ സാമ്പത്തിക വിപ്ലവത്തിനു മാറ്റുകൂട്ടുന്ന പെൺകുട്ടിയുടെ പ്രതിമ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടു. അവൾക്കു കൂട്ടായി കുറച്ചു നേരം. പിന്നേയും മുന്നോട്ട് നടന്നു.
മുന്നിൽ കാള! സാമ്പത്തിക ശക്തിയുടെ മുദ്ര. പറയാനുണ്ടോ ഫോട്ടോ എടുത്തു. പിന്നെ ഹോട്ടലിലേക്ക് തിരിച്ചു നടന്നു. … സുഖമായി ഉറങ്ങി. ബാക്കി കാഴ്ചകൾ നാളെ….
By: Chithranjali TC
gud effort 👏 luking forward to reading new travelogues from you❤️
LikeLike
Thank you Monica
LikeLike